Friday, 5 October 2018

സ്വാഭാവികമുഖം മറന്ന് പോകുന്നവർ


സ്വാഭാവികമുഖം മറന്ന് പോകുന്നവർ

അറുപത്താറു പുസ്തകങ്ങളടങ്ങുന്ന ബൈബിൾ നമുക്ക് നമ്മെ തന്നെ
നോക്കുവാനുള്ള കണ്ണാടിയാണ്. വചനം
വായിക്കുകയും കേൾക്കുകയും
ചെയ്യുമ്പോൾ ഈ കണ്ണാടിയിലൂടെ നാം
എന്ന വ്യക്തി എത്രമാത്രം ആത്മീകനാണ്
എന്നും, എന്തെല്ലാം പരാജയങ്ങളാണ്
നമ്മിൽ ഉള്ളതെന്നും ഏതെല്ലാം
മേഘലകളിലാണ് മാറ്റങ്ങൾ
വരുത്തേണ്ടതെന്നും നമുക്ക്
മനസ്സിലാകുന്നു. എന്നാൽ
മനസ്സിലാക്കിയതുകൊണ്ട് മാത്രം
കാര്യമായില്ല. തിരുത്തേണ്ട കാര്യങ്ങളെ
തിരുത്തി കൂട്ടിചേർക്കേണ്ടവയെ
കൂട്ടിച്ചേർക്കാൻ നമുക്കാകണം അഥവ
വചനം നാം അനുസരിക്കണം. അങ്ങനെ
നാം വചനം അനുസരിക്കുന്നില്ല എങ്കിൽ
നാം സ്വഭാവികമുഖം കണ്ണാടിയിൽ നോക്കി
അത് മറന്നു പോകുന്നവന് സമനാകും
(യാക്കോ. 1: 23, 24). എന്താണ് സ്വഭാവിക
മുഖം? ഇത് അണിയിച്ച് ഒരുക്കലിന്റെ കാലമാണ്. നമ്മുടെ ചുറ്റും കണ്ണോടിച്ചാൽ എത്ര തരത്തിലുള്ള സൗന്ദര്യ വർധന
വസ്തുക്കളാണ് നമുക്ക് ചുറ്റും ഉള്ളത്.
ഓരൊ ദിവസവും ഇതിന്റെ ഉപയോഗം
വർദ്ധിക്കുകയാണ്. വെളുത്ത തലമുടി
കറുപ്പിച്ചും, കറുത്ത മുഖം വെളുപ്പിച്ചും
വെളുത്ത മുഖം കൂടുതൽ വെളുപ്പിച്ചും
പുരികം ആകൃതിയിലാക്കിയും താടിയിൽ
കലാവിരുതുകൾ നടത്തിയും നടക്കുന്ന
ആരുടെയും മുഖം സ്വഭാവിക മുഖമല്ല.
ഇനി ഒന്നുകൂടി ഇരുത്തി ചിന്തിച്ചാൽ
സമൂഹത്തിൽ ഇറങ്ങുന്ന ആരുടെയും മുഖം
സ്വഭാവിക മുഖമല്ല. നാം രാവിലെ
കിടക്കയിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിയിൽ
നോക്കുമ്പോൾ കാണുന്ന മുഖമാണ്
സ്വഭാവിക മുഖം. ആ കാഴ്ച്ചയിൽ മുടി
അലകോമായിരിക്കും കണ്ണുകളുടെ
വശങ്ങളിലും ചിലപ്പോൾ വായുടെ
അരികും വെളുത്ത നിറത്തിലുള്ള എന്തോ
വന്നിരിപ്പുണ്ടാകും മുഖത്ത് ചില പാടുകളും
ഉണ്ടാകും. ഇങ്ങനെയുള്ള മുഖം
കണ്ണാടിയിൽ കണ്ടിട്ട് ഒരു വ്യക്തി അത്
മറക്കുകയും മുഖം കഴുകാതെ മുടി
ചീകാതെ സമൂഹത്തിലേക്ക് ഇറങ്ങുകയും
ചെയ്യ്താൽ അവന്റെ അവസ്ഥ എന്താകും?
പ്രിയ സ്നേഹിതരെ കേൾക്കുകയും
വായിക്കുകയും ചെയ്യ്ത വചനം
പ്രമാണിക്കാതിരുന്നാൽ നാം ഈ വ്യക്തിക്ക്
തുല്യനാണ്. സമൂഹത്തിന് മുമ്പിൽ നാം
അപമാനിതരാകും. നമ്മുടെയും
സഭയുടെയും സാക്ഷ്യം നഷ്ടമാകും,
കർത്താവിനെ ജനം അപമാനിക്കും.
തീരുമാനിക്കുക നമുക്ക് സമൂഹത്തിൽ
എങ്ങനെ ജീവിക്കണം? ആദരിക്കപ്പെടണോ
അതോ അപമാനിതരാകണോ? വചനം
കേൾക്കുക വായിക്കുക പ്രമാണിക്കുക
ആദരിക്കപ്പെടുക. ദൈവം അതിനായി
നമുക്ക് കൃപ നല്കട്ടെ.

No comments:

Post a Comment