Friday, 12 October 2018

തന്നോടു യാചിക്കുന്നവർക്ക് നല്ല ദാനങ്ങളെ കൊടുക്കുന്ന ദൈവം

ഒരിക്കൽ ഒരു രാജാവ് തന്‍റെ പ്രജകളിൽ ചിലരോട് തങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്തുതരാമെന്നു വാഗ്ദാനം ചെയ്തു.

ഒരാൾ തനിക്ക് ഒരു വലിയ വീട് വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അത് ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. 

മറ്റൊരാൾ തന്‍റെ വീട്ടിലേക്കു പോകാൻ നല്ലൊരു റോഡ്‌ വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അതും  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു.

വേറൊരാൾ തന്‍റെ വീട്ടിൽ വിദ്യുച്ഛക്തി  വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അതും  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. അങ്ങനെ ഓരോരുത്തരായി അവരവരുടെ ആവശ്യങ്ങൾ പറഞ്ഞു.  രാജാവ് അതെല്ലാം  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. 

അവസാനം ഒരു വൃദ്ധൻ ഒന്നും പറയാതെ നിൽക്കുന്നതു കണ്ട രാജാവ് തന്‍റെ ആഗ്രഹം എന്തെന്ന് ചോദിച്ചു.  താൻ വിനീതനായി പറഞ്ഞു, “അങ്ങ് ഒരു ദിവസം എന്‍റെ കൂടെ  എന്‍റെ വീട്ടിൽ വന്നു പാർത്താൽ മാത്രം മതി.”  തന്‍റെ വാക്കു പാലിക്കാതിരിക്കാൻ കഴിയാത്തതിനാൽ രാജാവ് അത് സമ്മതിച്ചു. 
രാജാവ് തന്‍റെ മന്ത്രിമാരിൽ ചിലരെ ആ വൃദ്ധന്‍റെ വീട്ടിലേക്കു അയച്ചു.  രാജാവിന് പാർക്കുവാനായി ആ വീടും ചുറ്റുപാടുകളും ക്രമീകരിക്കുവാൻ ഉത്തരവിട്ടു. 
അങ്ങനെ ആ വൃദ്ധന്‍റെ കുടിൽ ഒരു വൻമാളികയായി.  ആ മാളികക്കുള്ളിൽ രാജാവിനാവശ്യമുള്ള എല്ലാ സാധനസാമഗ്രികളും നിറഞ്ഞു.  അവിടേക്കു പോകുന്ന റോഡ്‌ നന്നാക്കി വിളക്കുകളാൽ അലംകൃതമായി.  എല്ലാവർക്കും ഓരോ ആവശ്യം നിറവേറിയപ്പോൾ  വൃദ്ധന്‍റെ ബുദ്ധിയോടു കൂടെയുള്ള  മറുപടി തന്‍റെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചു.

തന്നോടു യാചിക്കുന്നവർക്ക് നല്ല ദാനങ്ങളെ കൊടുക്കുന്ന ദൈവം താൻ ചോദിക്കുന്നതെന്തും നല്കാമെന്നു ശലോമോനോടു പറഞ്ഞു.  സമ്പത്തോ മാന്യതയോ മറ്റു പലതും ആവശ്യപ്പെടാമായിരുന്നപ്പോൾ ദൈവഹിതപ്രകാരം ജ്ഞാനവും വിവേകവും ചോദിച്ച ശലോമോന് അതോടുകൂടെ സകലതും നല്കി ദൈവമനുഗ്രഹിച്ചു.
ദൈവം നമ്മുടെ ജീവിതത്തിനാവശ്യമായതെല്ലാം നൽകുവാനാഗ്രഹിക്കുന്നതിനാൽ നമുക്കും അവനിൽ നിന്നും നല്ല കാര്യങ്ങൾ ആവശ്യപ്പെടാം. പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം, ദൈവകൃപ, ആത്മീയ അനുഗ്രഹങ്ങൾ എന്നിവയാകട്ടെ നമ്മുടെ ആവശ്യങ്ങൾ.  ദൈവത്തിന്റെയും ദൈവവചനത്തിന്റെയും വീക്ഷണത്തിൽ എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ജ്ഞാനവും തിരിച്ചറിവുമുള്ള ഒരു ഹൃദയം ജീവിതത്തിലെ ഏറ്റവും വലിയ നിധികളിലൊന്നാണ്. എല്ലാ വിശ്വാസിക്കും ഈ ജ്ഞാനം നൽകുവാൻ ദൈവമാഗ്രഹിക്കുന്നു.  പ്രാർത്ഥനയാൽ നമുക്കതു പ്രാപിക്കാം. ദൈവം അനുഗ്രഹിക്കട്ടെ

No comments:

Post a Comment