അടി പേടിച്ചു പഠനം നിര്‍ത്തിയ മകനെ പണ്ഡിതനായ ഒരു പിതാവ് ഉപദേശിച്ചതു കാണുക:
മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണു നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നതു വിഡ്ഢിത്തമാണ്. കാരണം, പഠനം നിര്‍ത്തിയാല്‍ അതുമുതല്‍ ജീവിതാന്ത്യം വരെ നിനക്കു ശിക്ഷയനുഭവിക്കേണ്ടി വരും. കാരണം അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ.
വിദ്യാലയത്തില്‍നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാവുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും…? അധ്യാപകന്‍ നിന്നെ ചീത്ത പറഞ്ഞതു നിനക്കു താങ്ങാനാകുന്നില്ലെങ്കില്‍ സമൂഹം നിന്നെ ചീത്ത പറയുന്നതും പരിഹസിക്കുന്നതും നിനക്കെങ്ങനെ താങ്ങാനാകും…? പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ നിന്നെ ക്ലാസില്‍നിന്നു പുറത്താക്കിയതു നിനക്ക് അസഹ്യമായെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാനമേഖലകളില്‍നിന്നെല്ലാം പുറത്താക്കുമ്പോള്‍ അതു നിനക്കെങ്ങനെ സഹ്യമാകും..?
മോനേ, അല്‍പകാലം ത്യാഗം ചെയ്യേണ്ടി വരും. ചീത്തയും പരിഹാസവും അടിയും പിടിയും സഹിക്കേണ്ടി വരും. ഈ ചെറുത്യാഗങ്ങള്‍ ഈ ചെറുപ്പത്തില്‍ സഹിച്ചു പഠിച്ചാല്‍പിന്നെ ചീത്ത കേള്‍ക്കേണ്ടി വരില്ല. ത്യാഗം ചെയ്യേണ്ടി വരില്ല. ജീവിതം സുഖപ്രദമായിരിക്കും.
ഇപ്പോൾ ചെറിയ ത്യാഗം ഭയന്നു ഭാവിയിൽ വലിയ ത്യാഗം നീ ഏറ്റെടുക്കരുത്. അറിവു സമ്പാദിക്കാന്‍ അധ്വാനമുണ്ടാകും. പക്ഷേ, 'അറിവില്ലായ്മ കൊണ്ടുനടക്കാനാണ്' അതിലേറെ അധ്വാനം വേണ്ടി വരിക.
മോനേ, ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിപ്പെട്ടാല്‍ ഏതു നട്ടുച്ചയാണെങ്കിലും വഴിതെറ്റിപ്പോകാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഏതു കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ വീട്ടിലേക്ക് ആരോടും വഴിചോദിക്കാതെ നീ പോകും, ഇല്ലേ..? എന്താണു കാരണം..? രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്.!. മറിച്ച് അറിവില്ലായ്മയാണ് യഥാര്‍ഥ ഇരുട്ട്.! അറിവില്ലെങ്കില്‍ പകല്‍പോലും രാത്രിയാണ്. അറിവുണ്ടെങ്കില്‍ രാത്രിപോലും പകലാണ്.
അറിവുള്ളവന് ഏതു വിദേശവും സ്വദേശം. അറിവില്ലാത്തവനു സ്വന്തം ദേശം പോലും അപരിചിത ദേശം.
മോനേ, നീ മൃഗമല്ല, മനുഷ്യനാണെന്നോര്‍ക്കണം. സര്‍വജീവജാലങ്ങളില്‍ വച്ചേറ്റം ഉല്‍കൃഷ്ടമായ ജീവി. മനുഷ്യജീവിയായ നിന്നെ മറ്റിതര ജീവികളില്‍നിന്നു വേര്‍തിരിക്കുന്ന ഘടകം തടിയോ മുടിയോ ശക്തിയോ വലിപ്പമോ അല്ല.
തടികൊണ്ടാണു നീ ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ ആനയാണ്. ശക്തി കൊണ്ടാണ് ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ കാട്ടുപോത്താണ്. നീളം കൊണ്ടാണെങ്കില്‍ ജിറാഫ് നിന്നെക്കാള്‍ എത്ര ഉയരുമുള്ള ജീവിയാണ്. പക്ഷേ, അതൊന്നുമല്ല നിന്നെ വേര്‍തിരിക്കുന്ന ഘടകം. അത് അറിവുമാത്രമാണ്.
അറിവാണു ശക്തി. ആ ശക്തിയുണ്ടെങ്കില്‍ പക്ഷികളെയും വെല്ലുന്നവിധം ആകാശത്തുകൂടെ നിനക്കു പാറിപ്പറക്കാം. ആ ശക്തിയുണ്ടെങ്കില്‍ മത്സ്യങ്ങളെയും വെല്ലുംവിധം ആഴിയുടെ ആഴക്കയങ്ങളിലൂടെ നിനക്ക് ഊളിയിട്ടു സഞ്ചരിക്കാം. ആ ശക്തിയുണ്ടെങ്കില്‍ ചീറ്റപ്പുലികളെപോലും തോല്‍പിക്കുന്ന വിധം നിനക്കോടാം.
മോനേ, അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും ധനികനാണ്. അറിവില്ലെങ്കില്‍ നീ ധനികനാണെങ്കിലും ദരിദ്രനാണ്. അറിവുണ്ടെങ്കില്‍ നീ പ്രജയാണെങ്കിലും രാജാവാണ്. അറിവില്ലെങ്കില്‍ നീ രാജാവാണെങ്കിലും പ്രജയാണ്. അറിവുണ്ടെങ്കില്‍ എല്ലാ അപരിചിതരും നിനക്കു പരിചിതരാണ്. അറിവില്ലെങ്കില്‍ പരിചിതര്‍ പോലും നിനക്ക് അപരിചിതരാണ്.
അറിവുണ്ടെങ്കില്‍ നീ വനാന്തരങ്ങളില്‍ പോയി ഏകാന്തമായിരുന്നാല്‍പോലും ജനം നിന്നെ തേടിയെത്തും. അറിവില്ലെങ്കില്‍ നീ ജനമധ്യത്തില്‍ നിലയുറപ്പിച്ചാലും നിന്നെ ആരും ശ്രദ്ധിക്കില്
മോനേ, വിജ്ഞാനം തേനാണ്. തേനെടുക്കുമ്പോള്‍ തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരികയെന്നതു സ്വാഭാവികം. കുത്തേറ്റു കിട്ടിയ തേനിന് ഇരട്ടി മധുരമുണ്ടാകും. കുത്ത് ഭയന്നു രംഗംവിട്ടാല്‍ തേന്‍ നുണയാന്‍ കഴിയില്ല… എനിക്കു പറയാനേ കഴിയൂ. ചെയ്യേണ്ടതു നീയാണ്.ഇനി എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിച്ചോളൂ..
നമ്മുടെ കുടുംബത്തിലെ എല്ലാ നല്ല മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.
( WhatsApp messages)
No comments:
Post a Comment